പ്രിയ സുഹൃത്തുക്കളേ, ഇന്ന് എല്ലാ സാഹചര്യങ്ങളിലും നമ്മെ ആശ്വസിപ്പിക്കാൻ ദൈവം നമ്മുടെ കൂടെയുണ്ട്. അവന്റെ ആർദ്രവും സ്നേഹനിർഭരവുമായ പരിചരണം നാം അനുഭവിക്കാൻ പോകുന്നു. സദൃശവാക്യങ്ങൾ 2:7-ൽ പറയുന്നതുപോലെ, "അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ." എത്ര അത്ഭുതകരമായ വാഗ്‌ദത്തം! തന്റെ മുമ്പിൽ നേരോടെ നടക്കുന്നവർക്ക് കർത്താവ് രക്ഷ സംഗ്രഹിച്ചുവെക്കുന്നു.

ആരാണ് നേരുള്ളവർ? ദൈവഹിതപ്രകാരം നടക്കുകയും അവൻ അവരോട് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളിലും അവനെ അനുസരിക്കുകയും ചെയ്യുന്നവരാണ് അവർ. പലപ്പോഴും, ഇതിനായി നമ്മുടെ സുഖസൗകര്യങ്ങളിൽ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. അപരിചിതമോ ബുദ്ധിമുട്ടുള്ളതോ ആയ കാര്യങ്ങൾ ചെയ്യാൻ നാം വിളിക്കപ്പെട്ടേക്കാം. എങ്കിലും, കർത്താവ് നമ്മെ എന്തു ചെയ്യാനാണോ നയിക്കുന്നത്, അത് നാം അനുസരിക്കണം. ചെറിയ കുട്ടികൾ പോലും അവരുടെ മാതാപിതാക്കളെ അനുസരിക്കുമ്പോൾ ദൈവത്തെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. അത്തരം അനുസരണപ്രവർത്തനങ്ങളിൽ ദൈവം പ്രസാദിക്കുകയും അവർക്ക് വലിയ വിജയം നൽകുകയും ചെയ്യുന്നു.

നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിചയമാണെന്നും ഈ വാക്യം പറയുന്നു. അവരുടെ വിശ്വസ്തതയിൽ കർത്താവ് പ്രസാദിക്കുകയും, അവർ ഇടറിവീഴാതിരിക്കാൻ അവരുടെ പാതയെ സംരക്ഷിക്കുകയും ചെയ്യുന്നു. തന്റെ വിജയത്തിലേക്ക് നയിക്കുന്ന പാതയിലൂടെ അവൻ അവരെ നയിക്കുന്നു. ചില സമയങ്ങളിൽ, ദൈവം വ്യത്യസ്ത അനുഭവങ്ങളിലൂടെ നമ്മെ രൂപപ്പെടുത്തുകയും മിനുക്കുകയും ചെയ്യുന്നു, അങ്ങനെ നാം വിശ്വസ്തത പുലർത്തുകയും അവന്റെ ഹിതപ്രകാരം നടക്കുന്നത് തുടരുകയും ചെയ്യും. അതുകൊണ്ട്, അവനെ അനുസരിക്കുക.

ഞങ്ങളുടെ കൊച്ചുകുട്ടിയായ ജെയ്ഡനെ ഗർഭം ധരിച്ചിരിക്കുമ്പോൾ, ഞാനും ഭാര്യ ശിൽപയും ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവേ, ഈ മകൻ അങ്ങയുടേതാണ്. ഈ കുഞ്ഞ് അങ്ങയുടേതാണ്. ഞങ്ങൾ അവന്റെ ജീവിതം പൂർണ്ണമായും അങ്ങേക്ക്  സമർപ്പിക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങളല്ല, മറിച്ച് അവന്റെ ജീവിതത്തിൽ അങ്ങയുടെ പൂർണ്ണ ഹിതം തന്നെ നിറവേറട്ടെ. " അവന്റെ ജീവിതത്തിന്റെ ഓരോ മേഖലയെയും ഞങ്ങൾ ദൈവത്തിന്റെ കരങ്ങളിൽ പൂർണമായി സമർപ്പിച്ചു. ഗർഭാവസ്ഥയിലുടനീളം ഭയത്തിന്റെ നിമിഷങ്ങൾ ഉണ്ടായിരുന്നു. ചില മെഡിക്കൽ റിപ്പോർട്ടുകൾക്ക് കൂടുതൽ പരിശോധനകളും സ്കാനുകളും ആവശ്യമായിരുന്നു, ഫലങ്ങൾക്കായി കാത്തിരിക്കാൻ ഡോക്ടർമാർ ഞങ്ങളോട് ആവശ്യപ്പെട്ടു. ഉടൻ തന്നെ ഞങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവേ, ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു. ദയവായി അവനെ സംരക്ഷിക്കണമേ." ഓരോ ഘട്ടത്തിലും ഞങ്ങൾ ഒരുമിച്ച് കർത്താവിനെ അന്വേഷിക്കുകയും അവന്റെ ഹിതത്തിന് ഞങ്ങളെത്തന്നെ സമർപ്പിക്കുകയും ചെയ്തു. ദൈവം വിശ്വസ്തതയോടെ ഞങ്ങളുടെ ഓരോ ആശങ്കയും പരിഹരിക്കുകയും എല്ലാ ഭയവും നീക്കുകയും മികച്ച ഡോക്ടർമാരെ നൽകുകയും എല്ലാ ഘട്ടങ്ങളിലും ഞങ്ങളെ നയിക്കുകയും ചെയ്തു. ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന്റെ സുരക്ഷിതമായ ജനനത്തിലൂടെ അവൻ ഞങ്ങളെ അനുഗ്രഹിച്ചു. നാം അവനിൽ പൂർണ്ണമായി ആശ്രയിക്കുമ്പോൾ ദൈവം എത്ര അത്ഭുതകരമായ അനുഗ്രഹം നൽകുന്നു!

പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ പാതയിൽ അവനെ ആശ്രയിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവനെ വിശ്വസിക്കുക. നിങ്ങളുടെ കുടുംബം, ഭാവി, കൂടാതെ അവൻ നിങ്ങളെ ഏൽപ്പിച്ചിട്ടുള്ള മറ്റെല്ലാ കാര്യങ്ങളിലും അവനെ ആശ്രയിക്കുക.

PRAYER: 
പ്രിയ കർത്താവേ, അങ്ങയുടെ സന്നിധിയിൽ നേരോടെ നടക്കുന്നവർക്ക് രക്ഷ വാഗ്ദാനം ചെയ്തതിന് അങ്ങേയ്ക്ക് നന്ദി. ത്യാഗം സഹിക്കേണ്ടി വന്നാലും അല്ലെങ്കിൽ എന്റെ സുഖസൗകര്യങ്ങളുടെ പരിധിയിൽ നിന്ന് പുറത്തുകടക്കേണ്ടി വന്നാലും അങ്ങയുടെ ശബ്ദം അനുസരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ കുടുംബം, ജോലി, ആരോഗ്യം, ഭാവി തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങിൽ ആശ്രയിക്കാൻ എന്നെ പഠിപ്പിക്കണമേ. എല്ലാ അപകടങ്ങളിൽ നിന്നും എന്റെ പാതയെ സംരക്ഷിക്കുകയും ഇടർച്ചയിൽ നിന്ന് എന്നെ കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. അങ്ങ് ജെയ്ഡനെ വിശ്വസ്തതയോടെ പരിപാലിക്കുകയും എല്ലാ വെല്ലുവിളികളിലും അവന്റെ മാതാപിതാക്കളെ നയിക്കുകയും ചെയ്തതുപോലെ, സകലതും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കാനായി എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. അങ്ങയുടെ പൂർണ്ണഹിതപ്രകാരം എന്നെ നയിക്കണമേ. എന്റെ കൈകളുടെ പ്രവർത്തികളെ അനുഗ്രഹിക്കുകയും, എന്റെ ജീവിതം അങ്ങയുടെ നാമത്തിന് മഹത്വം കൊണ്ടുവരുന്ന ഒരു സാക്ഷ്യമായി മാറ്റുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.